തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടർ പട്ടികയിൽ തിരിമറി. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിലെ വോട്ടർ പട്ടികയിലാണ് തിരിമറി നടന്നത്. സമീപ വാർഡിലെ വോട്ടർമാരുടെ പേരുകൾ ചേർത്തതായാണ് പരാതി ഉയരുന്നത്.
ബിജെപി കൗൺസിലർ മരണപെട്ട വാർഡിൽ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിലാണ് തിരിമറി നടന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർ തിരുവല്ലം സോണൽ ഓഫീസിൽ സമരം നടത്തുകയാണ്. വിഷയത്തെ ചൊല്ലി ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. ആകെ 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,39,96,729 സ്ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 5.75 ലക്ഷം കന്നി വോട്ടർമാരാണുള്ളത്.