ലക്നൗ : അയോദ്ധ്യയിൽ ബാലകരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതിന് രാമക്ഷേത്രത്തിനായി നിർമ്മിച്ച മറ്റൊരു രാമവിഗ്രഹത്തിന്റെ ചിത്രം കൂടി പുറത്ത് . തൂ വെള്ള നിറത്തിൽ കാണപ്പെടുന്ന വിഗ്രഹം ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ സ്ഥാപിക്കാനുള്ളതാണ്. സത്യ നാരായൺ പാണ്ഡെയാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് . രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കാൻ മൂന്ന് വിഗ്രഹങ്ങൾ നിർമ്മിച്ചു. അതിൽ അരുൺ യോഗിരാജ് നിർമ്മിച്ച വിഗ്രഹമാണ് കഴിഞ്ഞ ദിവസം പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്.
ഈ പുതിയ വിഗ്രഹത്തിലും ശ്രീരാമന്റെ ശിശുരൂപമാണ് ചിത്രീകരിച്ചിരിക്കുന്നത് . നിരവധി ദേവീദേവന്മാർക്ക് വിഗ്രഹത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. ശ്രീരാമന്റെ പാദത്തിന്റെ വലതുവശത്ത് ഹനുമാൻ, പരശുരാമൻ, അദ്ദേഹത്തിന്റെ കിരീടത്തിനടുത്ത് ഗൗതം ബുദ്ധൻ , ശിരസ് ഭാഗത്ത് നരസിംഹം എന്നീ രൂപങ്ങളുമുണ്ട് . ഈ പുതിയ വിഗ്രഹവും സ്വർണ്ണാഭരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.















