തിരുവനന്തപുരം: പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയം കരിദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തയാൾക്കെതിരെ കേസ്. ബാലരാമപുരം സ്വദേശിയായ സലീമാണ് മുസ്ലീം വിശ്വാസികളോട് ആഹ്വാനം നടത്തിയത്. കഴിഞ്ഞ ദിവസം മത സ്പർദ്ദ വളർത്തുന്ന തരത്തിൽ ഉച്ചഭാഷണി ഉപയോഗിച്ചാണ് ആഹ്വാനം നടത്തിയത്. മത സ്പർദ്ദയുണ്ടാക്കാൻ ശ്രമം നടത്തിയതിനാണ് ബാലരാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഡിസംബർ 22 കറുത്ത ദിനമാണ്, ഉച്ചക്ക് 12.20 മുതൽ 1 മണിവരെ സത്യവിശ്വാസികളായ ഇസ്ലാം മതക്കാർ ഖുറാൻ ഓതി ദുഃഖാചരണം നടത്തണമെന്നായിരുന്നു ഉച്ചഭാഷിണി ഉപയോഗിച്ച് സലീം അഭ്യർത്ഥന നടത്തിയത്. ഇന്ന് കറുത്ത ദിനമാണ്, ബാബറി മസ്ജിദാണ് നീതി. അവിടെ ഉയർത്തിയ കെട്ടിടത്തിനടിയിൽ ബാബറി മസ്ജിദ് ഉണ്ടായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. കയ്യിൽ തർക്ക മന്ദിരത്തിന്റെ ചിത്രവും ഉയർത്തിയായിരുന്നു സലീം കരിദിനമായി ആചരിക്കണമെന്ന ആഹ്വാനം മുഴക്കിയത്.















