ന്യൂഡൽഹി: അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
“സാമൂഹ്യനീതിയുടെ പ്രതീകമായ ജൻനായക് കർപ്പൂരി താക്കൂറിന് ഭാരതരത്‌നം നൽകുന്നതിൽ അതിയായ സന്തോഷമുണ്ട്. അതും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇത് നൽകുന്നത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള നിലപാടുകൾക്കും, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രത്യക്ഷരൂപം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഭാരതരത്നം.
അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള അചഞ്ചലവും പ്രതിബദ്ധതയും ദീർഘവീക്ഷണവുമുള്ള അദ്ദേഹത്തിന്റെ നേതൃത്വം ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ അവാർഡ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതൽ നീതിയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൗത്യം തുടരാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.”
– പ്രധാനമന്ത്രി എക്സിൽ കുറിച്ചു
I am delighted that the Government of India has decided to confer the Bharat Ratna on the beacon of social justice, the great Jan Nayak Karpoori Thakur Ji and that too at a time when we are marking his birth centenary. This prestigious recognition is a testament to his enduring… pic.twitter.com/9fSJrZJPSP
— Narendra Modi (@narendramodi) January 23, 2024
1924 ജനുവരി 24ന് ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ പിതൗഞ്ജിയ ഗ്രാമത്തിലാണ് കർപ്പൂരി ഠാക്കൂറിന്റെ ജനനം. ഗോകുൽ താക്കൂർ രാംദുലാരി ദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. വിദ്യാർത്ഥിയായിരിക്കെ ദേശീയ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട അദ്ദേഹം വിദ്യാർത്ഥി പ്രവർത്തകനെന്ന നിലയിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കാനായി കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 26 മാസം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും പിന്നീട് 1977 ജൂൺ മുതൽ 1979 ഏപ്രിൽ വരെയുമായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. ജനങ്ങളുടെ നായകൻ എന്ന അർത്ഥത്തിൽ ജനങ്ങൾ അദ്ദേഹത്തെ നായക് എന്നായിരുന്നു അഭിസംബോധന ചെയ്തത്. 1988 ഫെബ്രുവരി 17ന് അദ്ദേഹം മരണമടഞ്ഞു.















