ന്യൂഡൽഹി : അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് . പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് അമേരിക്കൻ കമ്പനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട് . അയോധ്യയുടെ വികസനവും ഭാവിയും സംബന്ധിച്ചുള്ളതാണ് പഠന റിപ്പോർട്ട് . അയോദ്ധ്യയിൽ നടക്കുന്ന സമഗ്ര വികസന പ്രവർത്തനങ്ങളാണ് ഇത്രയേറെ ഭക്തർ ഇവിടെയെത്തുന്നതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 85,000 കോടി രൂപയുടെ വികസന പദ്ധതികൾ അയോദ്ധ്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അയോദ്ധ്യയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വികസിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യവൽക്കരണം, പുതിയ വിമാനത്താവളങ്ങൾ, ഘാട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് മൂലം അയോദ്ധ്യയിൽ പുതിയ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുകയാണ്.
അയോദ്ധ്യയിലെ ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം മൂലം അവിടെയുള്ള സിമന്റ് ഫാക്ടറികളുടെ എണ്ണവും വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. മതപരമായ ടൂറിസമാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സ്. അയോദ്ധ്യയുടെ വികസനം മാത്രം ഇന്ത്യയുടെ ജിഡിപിയിൽ വലിയ മാറ്റമുണ്ടാക്കും.
അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 443 ബില്യൺ ഡോളർ (ഏകദേശം 37 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ കാലഘട്ടത്തിന് മുമ്പ് ഇത് 193 ബില്യൺ ഡോളറായിരുന്നു (ഏകദേശം 16 ലക്ഷം കോടി രൂപ). അത്തരമൊരു സാഹചര്യത്തിൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ പുരോഗതിക്ക് സാധ്യതയുണ്ട്.
അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഇവിടെ തങ്ങാനും മറ്റു സ്ഥലങ്ങൾ സന്ദർശിക്കാനും സൗകര്യമൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. നിലവിൽ 17 ഹോട്ടലുകളുള്ള ഇവിടെ 73 എണ്ണം കൂടി നിർമിക്കാനുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വൻകിട ഹോട്ടൽ ശൃംഖലകൾ അയോദ്ധ്യയിൽ വന്ന് ഹോട്ടലുകൾ സ്ഥാപിക്കാൻ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്.
‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ (എസ്ബിഐ)യും ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം ഉത്തർപ്രദേശ് സർക്കാരിന് 25,000 കോടി രൂപയുടെ അധിക വരുമാനം നൽകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു.















