ബാലകരാമനെ കാണാൻ രാംനഗരിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം; തിരക്ക് പരിഗണിച്ച് ദർശന സമയം നീട്ടാൻ തീരുമാനം

Published by
Janam Web Desk

ലക്‌നൗ: അയോദ്ധ്യയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് ദർശന സമയം നീട്ടാൻ തീരുമാനം. ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനായി രാത്രി 10 മണിവരെ ദർശന സമയം അനുവദിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ജനുവരി 22-ാം തീയതിക്ക് ശേഷം ഇന്നലെയാണ് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തത്. ബാലകരാമനെ ഒരു നോക്ക് ദർശിക്കാനായി ഇന്നലെ മാത്രം ലക്ഷക്കണക്കിന് വിശ്വാസികൾ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തി. 8,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനുമായി അയോദ്ധ്യയിലുള്ളത്.

ഇന്നലെ മാത്രമായി 5 ലക്ഷം ഭക്തജനങ്ങൾ രാംനഗരിയിൽ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3 ലക്ഷം വിശ്വാസികൾക്ക് രാവിലെ ദർശനം ലഭിച്ചു. തിരക്ക് കൂടുന്ന സാഹചര്യത്തിലും ഭക്തർ ക്ഷമയോടെ കാത്തുനിൽക്കുന്നുണ്ടെന്ന് ലക്‌നൗ എഡിജി പിയൂഷ് മോർഡിയ പറഞ്ഞു. അയോദ്ധ്യയിലേക്ക് എത്തുന്ന ഒരു ഭക്തന് പോലും ദർശനം നടത്താൻ അസൗകര്യമുണ്ടാവരുത്. ഇത് പരിഗണിച്ച് ദർശന സമയം നീട്ടാൻ തീരുമാനിച്ചതായി ക്ഷേത്ര അധികൃതർ വ്യക്തമാക്കി.

Share
Leave a Comment