കൊച്ചി: മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെതിരെ പോലീസിൽ പരാതി നൽകി വിദ്യാർത്ഥിനികൾ. അറബിക് അദ്ധ്യാപകനായ ഡോ. കെ എം നിസാമുദ്ധീനെതിരെയാണ് പത്തോളം വിദ്യാർത്ഥിനികൾ പരാതി നൽകിയിരിക്കുന്നത്. വംശീയമായി അധിക്ഷേപിക്കുകയും രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനികളാണ് എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.
ജനുവരി 15 ന് അറബിക് ഡിപ്പാർട്ട്‌മെന്റിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പക്ഷാപാതപരമായ സമീപനം കാണിച്ചു എന്ന് വിദ്യാർത്ഥികൾ തുറന്നുകാട്ടിയതാണ് ഭീഷണിക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ‘ എന്റെ പാർട്ടിയെ ചോദ്യം ചെയ്യാൻ നീയാരാണ്’ എന്ന് ചോദിച്ച് ഫോണിലൂടെ അധിക്ഷേപിച്ചു. മൂന്ന് മാസത്തേക്ക് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടികളും എടുക്കാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ അറബിക് ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചിരുന്നു. പരാതിയിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. അതേസമയം വിദ്യാർത്ഥിനിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാർത്ഥികൾ പുറത്തുവിട്ടു.
തുടക്കം മുതലേ നിസാമുദ്ദീൻ വിദ്യാർത്ഥികളോട് രാഷ്‌ട്രീയ വിരോധം കാണിച്ച് തന്നെയാണ് പെരുമാറുന്നത്. ക്ലാസ് മുറികളിൽപോലും നിസാമുദ്ദീൻ വംശീയ അധിക്ഷേപം നടത്തുന്നുണ്ട്. പലപ്പോഴും മാനസിക സമ്മർദ്ദം മൂലം വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാനാകാത്ത അവസ്ഥയാണ്.















