വയനാട്: കെഎസ്ഇബി ജീവനക്കാരെ പ്രതിസന്ധിയിലാക്കി കാക്കകൾ. കൂടൊരുക്കുന്നതിനായി കൊത്തിയെടുത്ത കെട്ടുകമ്പികളും നേരിയ കമ്പികളും പറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുന്നത് പതിവായി. നേരിയ കമ്പികൾ വൈദ്യുതി ലൈനിലേക്ക് വീണ് ഷോർട്ടാകുന്നതോടെ വൈദ്യുതി ലഭ്യമാകുന്നത് നിലയ്‌ക്കും.
എന്നാൽ ഇതോടെ പ്രതിസന്ധിയിലാകുന്നത് ലൈൻമാന്മാരാണ്. വളരെ നേർത്ത കമ്പികളായതിനാൽ തന്നെ താഴെ നിന്ന് നോക്കുമ്പോൾ ലൈനിൽ ഇവ തൂങ്ങി കിടക്കുന്നതുൾപ്പെടെ കാണാനാകില്ല. അതേസമയം കഴിഞ്ഞ ദിവസം പിണറായിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ജീവനക്കാരുടെ പരിശോധനയിൽ കണ്ടെത്തിയത് പ്ലാസ്റ്റിക് ബക്കറ്റിന്റെ ദ്രവിച്ച കൈപ്പിടിയായിരുന്നു
പറമ്പുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി തള്ളുന്ന സാധനങ്ങളാണ് കാക്കകളും പക്ഷികളും കൊത്തിയെടുത്ത് പറക്കുന്നത്. ഹൈടെൻഷൻ ലൈനിൽ പ്രവൃത്തി നടക്കവെ ഇത്തരം സാധനങ്ങൾ ലൈനിൽ പതിക്കുന്നത് ദുരന്ത സാധ്യത വർദ്ധിപ്പിക്കും.