ന്യൂഡൽഹി: ഇൻഡി സഖ്യത്തിലെ വിള്ളലുകൾ തുറന്നുപറഞ്ഞ് ആർജെഡി നേതാവ് മനോജ് ഝാ. തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും സ്വീകരിച്ച നിലപാടുകളിൽ പ്രതികരിക്കവെയാണ് ആർജെഡി നേതാവിന്റെ തുറന്നുപറച്ചിൽ. പശ്ചിമ ബംഗാളിലും പഞ്ചാബിലും മുന്നണിക്കുള്ളിലെ വിള്ളലുകൾ മറനീക്കി വന്നതോെടയാണ് മനോജ് ഝായുടെ പ്രതികരണം.
മുന്നണിയിലുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഇവയൊന്നും ശുഭസൂചകമായി കാണാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുന്നണി രൂപീകരണ സമയത്തു തന്നെ അതിന്റെ അടിസ്ഥാനം മോശമായിരുന്നെങ്കിൽ ഇത്രയും സങ്കടമുണ്ടാകുമായിരുന്നില്ല. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും മനോജ് ഝാ പറഞ്ഞു.
നിലവിൽ സഖ്യത്തിലെ ഭിന്നത രൂക്ഷമാണ്. പശ്ചിമ ബംഗാളിലും പഞ്ചാബിലും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇതിനോടകം വ്യക്തമാക്കി കവിഞ്ഞു. ഇതിന് പിന്നാലെ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭിന്നത വ്യക്തമാക്കി. രാഹുൽ നടത്തുന്ന ന്യായ് യാത്രയിൽ നിന്ന് വിട്ടുനിന്നാണ് നിതീഷ് മുന്നണിയോടുള്ള എതിർപ്പ് രേഖപ്പെടുത്തിയത്.















