തിരുവനന്തപുരം: വീട്ടുകാരെ മയക്കി കിടത്തിയതിന് ശേഷം മോഷണം നടത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കേസിലെ ഒന്നാം പ്രതി നേപ്പാൾ സ്വദേശി രാം കുമാർ (48) ആണ് മരിച്ചത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു .
വർക്കല ഹരിഹരപുരത്ത് മോഷണത്തിന് ശേഷം വീടിന് പരിസരത്ത് ഒളിച്ചിരുന്ന രാം കുമാറിനെയും കൂട്ടാളിയെയും നാട്ടുകാർ ചേർന്നാണ് പോലീസിൽ ഏൽപിച്ചത്. സംഘത്തിലെ വനിത ഉൾപ്പെടെ മൂന്നു പേരെ പിടികൂടാനുണ്ട്. സ്ത്രീകൾ മാത്രമുള്ള വീട്ടിലായിരുന്നു നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയത്.
ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി വീട്ടുകാരെ മയക്കി കിടത്തിയതിന് ശേഷമാണ് മോഷണം നടത്തിയത്. ഹരിഹരപുരം എൽപി സ്കൂളിനു സമീപത്തെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം നടത്തിയത്. വീട്ടിൽ ശ്രീദേവിയമ്മ, മരുകളും സ്കൂൾ പ്രിൻസിപ്പലുമായ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപാണ് നേപ്പാൾ സ്വദേശിനി ജോലിക്കെത്തിയത്.