ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്നാണ് സർക്കാർ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പൊതുരംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് വെങ്കയ്യ നായിഡുവിന് പുരസ്കാരം പ്രഖ്യാപിച്ചത്. ആർഎസ്എസിലുടെ പൊതുപ്രവർത്തനത്തിലേക്ക് എത്തിയ അദ്ദേഹം പിന്നീട് എബിവിപി ബിജെപി എന്നീ പരിവാർ സംഘടനകളിൽ ശ്രദ്ധേയമായ ചുമതല വഹിച്ചു. ഒന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വൈജയന്തിമാല ബാലി, തെലുങ്ക് നടൻ ചിരഞ്ജീവി, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്കും മരണാനന്തര ബഹുമതിയായി ബിന്ദേശ്വർ പഥകിനും പത്മവിഭൂഷൺ ലഭിച്ചു. ബിജെപി നേതാവ് രാം നായിക്, ഗായിക ഉഷ ഉതുപ്പ്, നടൻ വിജയകാന്ത് (മരണാനന്തരം) എന്നിവരടക്കം 17 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്. 110 പേർക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.















