അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ക്ഷേത്രത്തിൽ വലിയ തോതിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് ക്രമാതീതമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെ ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ഉന്നതതല സമിതി രൂപീകരിച്ചിരിക്കുകയാണ്.
സുഗമമായ ദർശനത്തിനുള്ള ക്രമീകരണങ്ങൾക്കും ക്ഷേത്രത്തിന്റെ ആകെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതും യോഗി ആദിത്യനാഥാണ്. ഉത്തർപ്രദേശിലെ ഗതാഗത മന്ത്രി ദയാശങ്കർ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ചീഫ് സെക്രട്ടറി, ഡിജിപി, മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി, നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് ഉൾപ്പെടുന്നത്. ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത് മുതൽ ഭക്തർക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
ഉന്നതതല സമിതിയുടെ മേൽനോട്ടത്തിലാകും പോലീസ് സേന ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുക. ക്ഷേത്രം തുറന്ന് ആദ്യ ദിവസം അഞ്ച് ലക്ഷത്തോളം പേരാണ് അയോദ്ധ്യയിൽ ഭഗവാനെ ദർശിക്കാനെത്തിയത്. രണ്ടാമത്തെ ദിവസം മൂന്ന് ലക്ഷത്തോളം പേരും ദർശനം നടത്തി. ഭക്തർക്ക് മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ ദർശനം നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വരും ദിവസങ്ങളിലും ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുമെന്നാണ് കണക്കാക്കുന്നത്. ഇത് കൂടി കണക്കാക്കിയാണ് ആകെ മേൽനോട്ട ചുമതലകൾക്കായി ഉന്നതതല സമിതി രൂപീകരിച്ചത്.