75-ാം റിപ്പബ്ലിക് ദിന നിറവിൽ ഭാരതം. പരമാധികാര രാഷ്ട്രമായി രാജ്യം മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനത്തെ ഇന്നേ ദിനം കൊണ്ട് അനുസ്മരിക്കപ്പെടുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുക.
ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം. ഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്ട്രപതി എത്തുന്നതോടയാകും പരേഡിന് തുടക്കമാകുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി. പരേഡിനായി സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 15-ഓളം ടാബ്ലോകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ഗേറ്റിന് സമീപമുള്ള പ്രത്യേക ക്യാമ്പിൽ ഇന്ത്യയുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ആധുനിക സൈനിക യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും.
ഇന്ത്യൻ സൈന്യത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അംഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഇതിന് പുറമേ 33 അംഗ ബാൻഡ് സംഘവും അണിനിരക്കും. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ സാന്നിധ്യമറിയിക്കും. ഇന്ത്യയുടെ സ്വന്തം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കരുത്തും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമർ, നിരീക്ഷണ സംവിധാനങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച മോർട്ടറുകൾ, ബിഎംപി-II ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ തുടങ്ങി ഒട്ടനവധി ആയുധങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്.