യുദ്ധേതരഘട്ടത്തിൽ ശത്രുക്കളെ ധീരതയോടെയും ആത്മത്യാഗത്തോടെയുമുള്ള സേവനത്തിന് നൽകുന്ന ബഹുമതിയാണ് ശൗര്യ ചക്ര. ഇത്തവണത്തെ ശൗര്യ ചക്ര ലഭിച്ചത് സിആർപിഎഫ് ഉദ്യോഗസ്ഥനായ ബിഭോർ കുമാർ സിംഗിനാണ്.
വ്യക്തിപരമായ സുരക്ഷയെ വകവയ്ക്കാതെ, തന്റെ സൈനികരെ അചഞ്ചലമായ ചൈതന്യത്തോടെ നയിച്ച സൈനികനാണ് ബിഭോർ കുമാർ സിംഗ്. അദ്ദേഹത്തിന്റെ ധീരമായ നടപടി ഒളിത്താവങ്ങളിൽ തമ്പടിച്ച കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തിയോടിക്കാൻ കാരണമായി. അസാധാരണമായ ധീരതയാണ് അദ്ദേഹത്തെ ശൗര്യ ചക്ര ബഹുമതിക്ക് അർഹനാക്കിയത്. 2022-ൽ ബിഹാറിലെ വനമേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകര-വിരുദ്ധ ഓപ്പറേഷനിടെ അദ്ദേഹത്തിന്റെ ഇരുകാലുകളും നഷ്ടമായി. 33-ാം പിറന്നാൾ ആഘോഷിക്കാൻ ഒരു ദിവസം മാത്രം നിലനിൽക്കേയാണ് പിറന്നാൾ സമ്മാനമെന്നവണ്ണം ശൗര്യ ചക്ര ബഹുമതി ലഭിച്ചത്.
2017-ൽ മെയ് മാസത്തിലാണ് അദ്ദേഹം സിആർപിഎഫിൽ ചേരുന്നത്. 205-ാം കോബ്ര ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ബിഭോർ കുമാർ 2022 ഫെബ്രുവരി 25-ന് ബിഹാറിലെ ഔറംഗബാദ് ,ഗയ ജില്ലകളിലെ ചക്രബന്ധ വനമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടം കവർന്നത്. സ്ഫോടകവസ്തു പൊട്ടി തെറിച്ച് സാരമായി പരിക്കേറ്റു. തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും കാലുകൾ വേർപ്പെടുത്തുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായ സിആർപിഎഫിന് 65 ധീരത മെഡലുകളാണ് ലഭിച്ചത്. 60 എണ്ണം ജമ്മു കശ്മീരിൽ നടത്തിയ 14 ഓപ്പറേഷനുകളിലെ ധീരതയ്ക്കാണ്. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ മൂന്ന് ഓപ്പറേഷനുകളിൽ ധീരമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് മറ്റ് ആറെണ്ണം ലഭിച്ചത്. മരണാനന്തര ബഹുമതിയായി നാല് പേർക്കാണ് ധീരതയ്ക്കുള്ള മെഡൽ ലഭിച്ചത്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അഞ്ച് മെഡലുകളും സ്തുത്യർഹമായ സേവനത്തിനുള്ള 57 മെഡലുകളും സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.