ന്യൂഡൽഹി: നാരീശക്തിയുടെ വിളമ്പരം ആരംഭിച്ച് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരിമാർ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചു. ‘ആവാഹൻ’ എന്ന പേരിൽ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്ന പരിപാടിയോട് കൂടിയാണ് പരേഡിന് തുടക്കം കുറിച്ചത്. ശംഖ്, നാദസ്വരം, നാഗദ, ചെണ്ട തുടങ്ങിയവയുടെ അകമ്പടിയോടെയാണ് പരേഡ് തുടങ്ങിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലാൾ പടയുടെ അകമ്പടിയോടെയാണ് ഇമ്മാനുവേൽ മാക്രോണും രാഷ്‌ട്രപതിയും കർത്തവ്യ പഥത്തിലെത്തിയത്. ഇന്ത്യൻ കരസേനയുടെ ശക്തി വിളമ്പരമെന്ന് വിളിക്കാൻ സാധിക്കുന്ന ടാങ്ക് T-90 ഭീഷ്മയുടെ പരേഡാണ് ആദ്യം കടന്നുപോയത്. 42 കവചിത റെജിമെൻ്റിലെ ലഫ്റ്റനൻ്റ് ഫയാസ് സിംഗ് ധില്ലന്റെ നേതൃത്വത്തിലാണ് സൈന്യത്തിന്റെ യന്ത്രവൽകൃത നിരകൾ കാർത്തവ്യ പാതയിൽ പങ്കെടുക്കുന്നത്.
ഫ്രഞ്ച് ഫോറിൻ ലെജിയന്റെ ഇൻഫൻട്രി റെജിമെൻ്റിൽ നിന്നുള്ള 30 സംഗീതജ്ഞർ അടങ്ങുന്ന ഫ്രഞ്ച് ഫോറിൻ ലീജിയൻ മ്യൂസിക് ബാൻഡിന്റെ പ്രകടനവും കർത്തവ്യപഥിൽ നടന്നു. രണ്ട് റഫാൽ യുദ്ധവിമാനങ്ങളും കർത്തവ്യ പാതയിൽ എയർഷോ നടത്തും.