ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ കർത്തവ്യപഥിൽ ശ്രദ്ധയാകർഷിച്ച് ഫ്രഞ്ച് ഫോറിൻ ലെജിയൻ മ്യൂസിക് ബാൻഡിന്റെ പ്രകടനം. ഫ്രഞ്ച് ഫോറിൻ ലെജിയന്റെ ഇൻഫൻട്രി റെജിമെന്റിൽ നിന്നുള്ള 33 സംഗീതജ്ഞർ അടങ്ങുന്ന സംഘമാണ് കർത്തവ്യപഥിലെ പരേഡിൽ പങ്കെടുത്തത്. ക്യാപ്റ്റൻ ഖൂർദയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം അരങ്ങേറിയത്. തുടർന്ന് ക്യാപ്റ്റൻ നോയലിന്റെ നേതൃത്വത്തിൽ മാർച്ചും നടന്നു.
ഫ്രഞ്ച് ഫോറിൻ ലെജിയന്റെ ഇൻഫൻട്രി റെജിമെന്റിൽ നിന്നും 90 അംഗ സംഘമാണ് പിന്നീട് കർത്തവ്യപഥിൽ പ്രകടനത്തിനായി എത്തിയത്. പ്രത്യേക അവസരങ്ങളിൽ ധരിക്കുന്ന വൈറ്റ് ക്യാപ് അണിഞ്ഞാണ് പ്രത്യേകം പരിശീലനം ലഭിച്ച സംഘാംഗങ്ങൾ ലെജിയൻ പരേഡിൽ പ്രകടനത്തിനായി എത്തിയത്.
കഴിഞ്ഞ വർഷം പാരീസിന്റെ ബാസ്റ്റിൽ ദിനത്തിൽ ഇന്ത്യൻ സൈനികരും വ്യോമസേനയും പരേഡ് നടത്തിയതിനു ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ ഫ്രാൻസിൽ നിന്നുള്ള സൈനിക ബാൻഡ് പരേഡിനായി എത്തുന്നതെന്നുള്ള സവിശേഷതയും ഈ ദിനത്തിനുണ്ട്. ആവാഹൻ എന്ന പേരിൽ ഇന്ത്യൻ വനിതകൾ സംഗീതോപകരണങ്ങൾ വായിക്കുന്ന പരിപാടിയോടെയായിരുന്നു കർത്തവ്യപഥിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.