ഇറ്റാനഗർ: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). അതിർത്തിയിൽ പരേഡ് നടത്തിയും ത്രിവർണ പതാക വീശിയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് സൈനികർ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായത്.
ഇന്ത്യൻ സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും നാരീശക്തിയും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി. പരേഡിൽ ഫ്രഞ്ച് സൈനികരുടെ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ,
ഡ്രോൺ ജാമറുകൾ, നിരീക്ഷണ ഉപകരണങ്ങൾ, സൈനികവാഹനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലോട്ടുകൾ എന്നിവ അണിനിരന്നു.
1962 ഒക്ടോബർ 24-നാണ് കേന്ദ്ര സായുധ സേനാ വിഭാഗമായ ഐടിബിപി രൂപീകരിച്ചത്. നിലവിൽ, ലഡാക്കിലെ കാരക്കോരം ചുരം മുതൽ അരുണാചൽ പ്രദേശിലെ ജാചെപ് ലാ വരെയുള്ള 3,488 കിലോമീറ്റർ വരെയുള്ള ഇന്ത്യ-ചൈന അതിർത്തിയിലാണ് ഐടിബിപി പ്രവർത്തിക്കുന്നത്. ഛത്തീസ്ഗഢിലെ കമ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരായ നിരവധി സുരക്ഷാ ചുമതലകളും ഐടിബിപി വഹിക്കുന്നുണ്ട്.