ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തി തെളിയിച്ച് ബൈക്ക് അഭ്യാസ പ്രകടനം. വിവിധ സേനകളിൽ നിന്നുമുള്ള വനിതകളാണ് കർത്തവ്യപഥിൽ അഭ്യാസപ്രകടനം കാഴ്ചവച്ചത്. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള 265 സ്ത്രീകളാണ് അഭ്യാസപ്രകടനത്തിന്റെ ഭാഗമായത്.
അസിസ്റ്റന്റ് കമാൻഡന്റ് സീമ നാഗ് ‘കമാൻഡന്റ് അഭിവദാൻ’ നിർവഹിച്ചു. തുടർന്ന് എച്ച്സി റീത്ത ബിഷ്തും ഏഴ് പേരും ചേർന്ന് ‘ലക്ഷിത’ പ്രദർശിപ്പിച്ചു. അത്യാധുനിക ആയുധങ്ങളുമായി സി.ടി. അമൻദീപ് കൗറിന്റെ നേതൃത്വത്തിൽ 25 പേർ ചേർന്നാണ് ‘സർവത്ര സുരക്ഷ’ പ്രദർശിപ്പിച്ചത്. പ്രൊമില സേത്തിയുടെ നേതൃത്വത്തിൽ 21 പേർ ചേർന്നാണ് സേനയിലെ സങ്കേതികവിദ്യ പ്രദർശനം നടത്തിയത്. സി.ടി അനുപവും 15 പേരും അതിർത്തിയിലെ സ്ത്രീ പ്രാതിനിധ്യത്തെ പ്രതിനിധീകരിച്ചു. സെഹ്നാസ് ഖാത്തൂനും ടീമും രാജ്യത്തിന്റെ ആഭ്യന്തര സ്ത്രീസൈനികരുടെ പ്രവർത്തനത്തെ അവതരിപ്പിച്ചു.
സോണിയ ബൻവ്രി, സി.ടി അനിതാ ഭാരതി, സി.ടി രേഖൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് വ്യത്യസ്ത ടീമുകൾ ബൈക്ക് അഭ്യാസ പ്രകടനത്തിൽ യോഗാസനങ്ങൾ അവതരിപ്പിച്ചു. ‘സാധന’യുടെ ശക്തി പ്രകടമാക്കിയത് സി.ടി. ശിവലീലയും ടീമുമാണ്. ഇവർ ബൈക്കുകളിൽ ബീം റോളുകൾ അവതരിപ്പിച്ചു. സി.ടി വിജേതാബ്മലെ റാവുവും ടീമും ഏകത്വമെന്ന ആശയം അഭ്യാസപ്രകടനത്തിലുടെ കാഴ്ചക്കാരിലേക്ക് എത്തിച്ചു.
ഇൻസ്പെക്ടർ ഹിമാൻഷു സിരോഹിയും മറ്റ് രണ്ടുപേരും ചേർന്ന് ഇന്ത്യയിലെ സ്ത്രീകളുടെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും എടുത്തുകാട്ടുന്ന ബൈക്ക് അഭ്യാസമാണ് നടത്തിയത്. ഇൻസ്‌പെക്ടർ മോണിക ശർമ, സി.ടി നീലം ഗ്രേവ്, സി.ടി പൂനം, സി.ടി ഷെയ്ഖ് കാജൽ ഇലാഹി, സി.ടി സച്ചി പാണ്ഡെ, സി.ടി വന്ദന യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളും വിവിധ അഭ്യാസങ്ങൾ അവതരിപ്പിച്ചു.















