പ്രമുഖ ചലച്ചിത്ര നിർമ്മാതാവും നടനുമായ ജി.സുരേഷ് കുമാർ ജനം ടിവിയുടെ നേതൃത്വം ഏറ്റെടുത്തു. ജനം ടിവിയുടെ എക്സിക്യൂട്ടിവ് ചെയർമാനായാണ് സുരേഷ് കുമാർ ചുമതലയേറ്റത്. വെള്ളിയാഴ്ച ജനം ടിവിയുടെ തിരുവനന്തപുരം സ്റ്റുഡിയോ ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ആർഎസ്എസ് ദക്ഷിണ ഭാരത വിശേഷ സമ്പർക്ക പ്രമുഖും പ്രഭാരിയുമായ ജയകുമാർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജനം ടിവി എംഡിയും ഉദയ സമുദ്ര ഗ്രൂപ്പ് ചെയർമാനുമായ എസ്. രാജശേഖരൻ നായർ പൂച്ചെണ്ട് നൽകി ജനം ടിവിയുടെ കുടുംബത്തിലേയ്ക്ക് അദ്ദേഹത്തെ സ്വീകരിച്ചു. ഡയറക്ടർമാരായ സജീവൻ പറമ്പിൽ, എസ്.ജെ.ആർ കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനാണ് ജനം ടിവിയുടെ ചെയർമാൻ.
തിരുവനന്തപുരത്തെ കേരള സർവ്വകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കി ജി.സുരേഷ് കുമാർ, 1978-ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാളം ഫീച്ചർ ഫിലിമിലൂടെ സഹസംവിധായകനായാണ് മലയാള സിനിമയിലേയ്ക്ക് കാലെടുത്തു വച്ചത്. പൂച്ചക്കൊരു മൂക്കുത്തി, ആറാം തമ്പുരാൻ, ഓടരുതമ്മാവ ആളറിയം, അക്കരെ നിന്നൊരു മാരൻ, കാശ്മീരം, കുബേരൻ, നീലത്താമര തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം.
അടിയുറച്ച ദേശീയ കാഴ്ചപ്പാടുള്ള സുരേഷ് കുമാർ, അടുത്തിടെ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗം കൂടിയാണ് അദ്ദേഹം. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീർത്തി സുരേഷ്, രേവതി എന്നിവർ മക്കളാണ്.