ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായിരുന്ന ഡക്കോട്ട വിമാനം റിപ്പബ്ലിക് ദിനത്തിൽ ചരിത്രം കുറിച്ചു. കർത്തവ്യപഥിലെ ആകാശവീഥിയിൽ ആധുനിക യുദ്ധവിമാനങ്ങൾക്കൊപ്പമാണ് 1930 മോഡൽ വിമാനവും പറന്നുനീങ്ങിയത്. അഭിമാന നിമിഷങ്ങൾ. തന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളെല്ലാം സേനയുമായി ബന്ധപ്പെട്ടവയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.
കർത്തവ്യപഥത്തിന് മുകളിലൂടെ പറക്കുന്ന ഡക്കോട്ടയുടെ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടനവധി പേർ പങ്കുവച്ചിട്ടുണ്ട്. കാലപ്പഴക്കം മൂലമാണ് പല യുദ്ധങ്ങളിലും ഇന്ത്യക്ക് വിജയം സമ്മാനിച്ച ഡക്കോട്ട വിമാനങ്ങൾ സൈന്യത്തിൽ നിന്ന് പിൻവലിച്ചത്.
മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖർ വ്യോമസേനയുടെ പൈലറ്റായിരുന്നു. ഡക്കോട്ട വിമാനങ്ങൾ ഉൾപ്പെടെയുള്ള പല യുദ്ധവിമാനങ്ങളും പറത്തിയിട്ടുണ്ട്. ഇതിന്റെ സ്മരണ നിലനിർത്തിയാണ് ഡക്കോട്ട വിമാനം നവീകരിച്ച് അദ്ദേഹം സേനയ്‌ക്ക് സമ്മാനിച്ചത്.
2011 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച പുനരുദ്ധാരണ, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പറക്കൽ സജ്ജമാക്കുന്നതിന് ആറ് വർഷത്തിലേറെ എടുത്തു. തുടർന്ന് വിമാനത്തിന്റെ പറക്കൽ ശേഷിയടക്കമുള്ള ഘടകങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട വ്യോമസേന പഴയ ടെയിൽ നമ്പർ ആയ വിപി 905 നൽകി സേനയുടെ ഭാഗമാക്കുകയായിരുന്നു.















