മുംബൈ: സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും താനെയ്‌ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കുകൾക്കിടയിൽ 65,000 ചെടികൾ നട്ടുപിടിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ജനുവരി 24-നാണ് ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് രൂപരേഖ നൽകിയത്.
കഴിഞ്ഞ വർഷം സബർബൻ സെക്ഷനിൽ ട്രാക്ക് അതിക്രമിച്ച് കടന്ന് 782 പേരുടെ ദാരുണമായ മരണത്തിന് ഒരു പരിഹാരം എന്ന നിലയിൽ കൂടിയാണ് നീക്കം. പരിസ്ഥിതി സൗഹൃദ സംരംഭം എന്ന നിലയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. .
ജനുവരി 26-ന് ആരംഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2-3 അടി വരെ ഉയരമുള്ള ചെടികൾ ബിപിസിഎൽ നൽകുകയും നടുകയും ചെയ്യും. യാത്രക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഒപ്പം അനധികൃത ട്രാക്ക് ക്രോസിംഗുകൾക്കെതിരെ ഒരു ബോധവൽക്കരണം കൂടിയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.















