കൊച്ചി: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഐഎയുടെ കൊച്ചി കോടതിയിൽ സവാദിനെ ഇന്ന് ഹാജരാക്കും. ചോദ്യംചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. സവാദിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ കുറ്റപത്രവും കോടതിയിൽ സമർപ്പിക്കും. പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
2010 ജൂലൈ നാലിനായിരുന്നു ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റിയത്. മതനിന്ദ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം കൈവെട്ടാൻ ഉപയോഗിച്ച മഴു ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സവാദ് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ 13 വർഷങ്ങൾക്ക് ശേഷം കണ്ണൂരിലെ മട്ടന്നൂരിൽ നിന്നാണ് എൻഐഎ പിടികൂടിയത്.
കണ്ണൂരിൽ സവാദ് ഒളിവിൽ കഴിഞ്ഞത് 8 വർഷമാണ്. എസ്ഡിപിഐയുടെ സഹായത്തോടെയാണ് വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ സവാദ് വാടകവീടുകൾ സംഘടിപ്പിച്ചിരുന്നത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ കഴിയവെയാണ് സവാദ് പിടിയിലായത്.