ന്യൂഡല്ഹി: പ്രശസ്തമായ നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്നലെ രാത്രി 9. 45 ഓടെയായിരുന്നു അദ്ദേഹം നിസാമുദ്ദീൻ ദർഗയിലെത്തിയത്. വിദേശകാര്യ മന്ത്രി ജയശങ്കറും അദ്ദേഹത്തെ അനുഗമിച്ചു. ഫ്രാൻസിലേക്ക് മടങ്ങുന്നതിന് മുമ്പാണ് അദ്ദേഹം ദർഗ സന്ദർശിച്ചത്.
നിസാമുദ്ദീൻ ദർഗയിലെത്തിയ അദ്ദേഹത്തെ ആചാര പൂർവ്വം പണ്ഡിതർ സ്വീകരിച്ചു. മാക്രോണിന്റെ സന്ദർശനത്തോടനുബന്ധിച്ച് പ്രത്യേക ഖവാലി സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു. അരമണിക്കൂറോളം ഇമ്മാനുവൽ മാക്രോൺ ദർഹയിൽ സമയം ചിലവിട്ടു. പണ്ഡിതൻമാരുമായി സംസാരിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.
700 വർഷം പഴക്കമുള്ള ആരാധനാലയമാണ് നിസാമുദ്ദീൻ ദർഗ. സൂഫി സംസ്‌കാരത്തിന്റെ നാഡീ കേന്ദ്രമെന്നും ഇതിനെ അറിപ്പെടുന്നുണ്ട്. പ്രശസ്ത സൂഫി പണ്ഡിതൻ ഖ്വാജ നിസാമുദ്ദീൻ ഔലിയയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ ആമീർ ഖുസ്രുവിന്റെയും ശവകുടീരങ്ങളും നിസ്സാമുദ്ദീൻ ദർഗയിൽ സ്ഥിതി ചെയ്യുന്നുണ്ട്.















