വയനാട്: സുൽത്താൻ ബത്തേരിക്ക് സമീപം ജനവാസ മേഖലയിലിറങ്ങിയ കടുവ കെണിയിൽ കുടുങ്ങി. വയനാട് സൗത്ത് 09 എന്ന കടുവയാണ്കുടുങ്ങിയതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇതേ കടുവയുടെ ദൃശ്യങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം സിസിടിവിയിൽ നിന്നും ലഭിച്ചത്. ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത് ഈ കടുവ തന്നെയെന്നും സ്ഥിരീകരണമുണ്ട്.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ കടുവ വളർത്തു മൃഗങ്ങളെ വേട്ടയാടിയിരുന്നു. തുടർന്ന് വനംവകുപ്പ് രണ്ട് കെണികൾ സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നു. അതിലൊന്നിലാണ് കടുവ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ കൂടുതൽ കടുവകളെ സംരക്ഷിക്കാനുള്ള സൗകര്യം കുപ്പാടിയിലില്ല. അതിനാൽ കടുവയുടെ വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും എവിടേക്ക് മാറ്റുമെന്ന കാര്യം തീരുമാനിക്കുക.















