അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് പിന്നാലെ നിരവധി സംഭാവനകളാണ് ദർശനത്തിന് എത്തുന്ന ഭക്തർ ക്ഷേത്രത്തിനായി നൽകുന്നത്. ഒരോ ദിവസം കഴിയുമ്പോഴും ബാലകരാമനെ ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിൽ എത്തുന്നത്. രാമക്ഷേത്രത്തിലെത്തുന്നവർ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് പുറമെ, ഉദാരമായ സംഭാവനകളും നൽകുന്നുണ്ട്.
ഒരു മാസത്തിനുള്ളിൽ 3,550 കോടി രൂപയാണ് സംഭാവനയായി ബാലകരാമന് ലഭിച്ചത്. അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജയ്‌ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവനകൾ നൽകി തുടങ്ങിയത്. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 3 കോടി 17 ലക്ഷം രൂപയുടെ സംഭാവനയാണ് രാംലല്ലയ്‌ക്ക് ലഭിച്ചത്. ഇതിന് ശേഷം പ്രതിദിനം 10-15 ലക്ഷം രൂപയുടെ സംഭാവനകളാണ് രാമക്ഷേത്രത്തിന് ലഭിക്കുന്നത്.
അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയ നിരവധി പ്രമുഖരാണ് ക്ഷേത്രത്തിനായി സംഭാവനകൾ നൽകിയത്. ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയും കുടുംബവും അന്ന് അറിയിച്ചിരുന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ വേളയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. പവിത്രമായ ഉദ്യമമാണ് രാമക്ഷേത്രമെന്നും ഏറെ സാംസ്കാരിക പ്രാധാന്യവും ക്ഷേത്രം അർഹിക്കുന്നുവെന്നുമാണ് സംഭാവന പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.















