തിരുവനന്തപുരം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 12 എസ് എഫ് ഐ പ്രവർത്തകർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കടയ്‌ക്കൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഐപിസി 143,144,147,283,353,124,149 വകുപ്പുകൾ പ്രകാരം ചടയമംഗലം പോലീസാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഗവർണറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. സ്ത്രീകളുൾപ്പെടെയുള്ള എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ഇന്ന് ഉച്ചയോടെ കേസെടുത്തത്. എല്ലാവർക്കുമെതിരെ കേസെടുക്കണമെന്നും എഫ്ഐആറിന്റെ പകർപ്പ് അടിയന്തരമായി എത്തിക്കണമെന്നും പോലീസിനോട് ഗവർണർ നിർദ്ദേശിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ബസ് കൊണ്ടുവരാത്തതിനും പോലീസിനെ ഗവർണർ ശകാരിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെ കൊല്ലം നിലമേലിൽ വച്ചായിരുന്നു ഗവർണറുടെ കാറിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായെത്തിയത്.
വാഹനം ആക്രമിക്കാൻ ശ്രമിച്ചതോടെ ഗവർണർ പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.