എറണാകുളം: മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദിന്റെ മൊഴി പുറത്ത്. തമിഴ്നാട്ടിൽ രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞതായി സവാദ് അന്വേഷണ സംഘത്തിന് മൊഴി നൽകി. തമിഴ്നാട് ദിണ്ടിഗലിലാണ് രണ്ട് വർഷത്തോളം സവാദ് ഒളിവിൽ കഴിഞ്ഞത്.
തമിഴ്നാട്ടിലെ എസ്റ്റേറ്റ് മേഖലകളിലും, മലയോര ഭാഗങ്ങളിലുമായി രണ്ട് വർഷം ഒളിവിൽ കഴിഞ്ഞു. കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട എംകെ നാസറും തനിക്കൊപ്പം ദിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞതായി സവാദ് വെളിപ്പെടുത്തിയിട്ടുണ്ട്. മഴു കൊണ്ട് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത് സവാദായിരുന്നു. തുടർന്ന് ആലുവയിൽ നിന്ന് ബെംഗളൂരുവിലേക്ക് കടന്നതായാണ് ആദ്യം അന്വേഷണ സംഘം കണ്ടെത്തിയത്.
വിദേശത്തും ഒളിവിൽ കഴിഞ്ഞതായി വിവരമുണ്ടെങ്കിലും ചോദ്യം ചെയ്യലിൽ പ്രതി സ്ഥിരീകരിച്ചിട്ടില്ല. സവാദിനെ വീണ്ടും
എൻഐഎ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം സവാദിന്റെ റിമാൻഡ് കാലാവധി ഫെബ്രുവരി 16 വരെ നീട്ടിയിരുന്നു.