കൊച്ചി : പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ ഫെയ്‌സ്ബുക്കിൽ അധിക്ഷേപകരവും ജാതീയവുമായ പരാമർശം നടത്തിയെന്നാരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാൾക്ക് കേരള ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു.
ഐപിസി 153എ,പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അപകീർത്തികരമായ കമൻ്റ് ഇട്ടതായി പരാതിക്കാരൻ ആരോപിച്ചിരുന്നു. മന്ത്രിയുടെ ജാതിപ്പേര് ഉപയോഗിച്ചുള്ള അധിക്ഷേപ വാക്കുകൾ കമൻ്റിലുണ്ടെന്നായിരുന്നു ആരോപണം. മന്ത്രിയെ അപകീർത്തിപ്പെടുത്താനോ ജാതിയുടെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനോ അദ്ദേഹത്തിന് ഉദ്ദേശ്യമില്ലെന്ന് കുറ്റാരോപിതന്റെ അഭിഭാഷകൻ വാദിച്ചു. അബദ്ധത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതാണെന്നും പരസ്യമായി ക്ഷമാപണം നടത്തിയെന്നും കുറ്റാരോപിതൻ കോടതിയെ ബോധിപ്പിച്ചു.
കുറ്റാരോപിതൻ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയതായും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായും കോടതിക്ക് ബോധ്യപ്പെട്ടു. ഹർജിക്കാരനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി റിപ്പോർട്ടും സമർപ്പിക്കപ്പെട്ടിരുന്നു.
അതനുസരിച്ച്, അന്വേഷണം ഏതാണ്ട് അവസാനിച്ചെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.















