ലക്‌നൗ: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് യുപി സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഭരണകാലത്ത് താൻ എല്ലാവരിലും തുല്യനീതി നടപ്പിലാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖോരഗ്‌നാഥ് ക്ഷേത്ര പരിസരത്തുള്ള ദിഗ്‌വിജയനാഥ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ജനതാ ദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ജനങ്ങൾക്കാണ് ഉത്തർപ്രദേശ് സർക്കാർ പ്രാധാന്യം നൽകുന്നത്. അവരുടെ പ്രശ്‌നങ്ങൾ ഒരു സംസ്ഥാനത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ്. എന്റെ ഭരണകാലത്ത് ആരോടും അനീതി കാണിക്കാൻ ഞാൻ ശ്രമിക്കില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും”- യോഗി ആദിത്യനാഥ് അറിയിച്ചു.
ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി എത്തിയ 250-ഓളം ജനങ്ങളുടെ പരാതികൾ മുഖ്യമന്ത്രി കേട്ട ശേഷം അധികൃർക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശങ്ങൾ നൽകി. റവന്യൂവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിഷ്പക്ഷമായും ഭൂമാഫിയകൾക്കെതിരെ കർശന നടപടിയും പോലീസ് കൈക്കൊള്ളണമെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.















