ന്യൂഡൽഹി: ഡൽഹിയിൽ 10 കോടിയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. ഹോങ്കോങ്ങിൽ നിന്ന് ഡൽഹി പോസ്റ്റ് ഓഫീസ് വഴിയെത്തിയ സ്വർണമാണ് പിടിച്ചെടുത്തത്. ഇലക്ട്രിക് മീറ്ററുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 10 കോടി വിലമതിക്കുന്ന 16.67 കിലോഗ്രാം സ്വർണവും 39.73 കിലോഗ്രാം വെള്ളിയുമാണ് കണ്ടെടുത്തത്.
പോസ്റ്റ് വഴിയെത്തിയ ഇലക്ട്രിക് മീറ്ററുകൾക്ക് അമിത ഭാരം തോന്നിയതോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്നാണ് സ്വർണവും വെള്ളിയും കണ്ടെത്തിയത്. 56 ഇലക്ട്രിക് മീറ്ററുകളാണുണ്ടായിരുന്നത്. പുറം കവറുകളിൽ കറുപ്പ് പെയിന്റിടിച്ചിരുന്നു. ഈ കറുപ്പ് മാറ്റിയതോടെയാണ് വെള്ളി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ പുറം കവറുകൾ സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. വലിയ സംഘമാണ് സ്വർണക്കടത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.