ഇടുക്കി: ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പുതിയ സിലിണ്ടർ മാറ്റി വയ്‌ക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഇടുക്കി രാജക്കാടിനു സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തി നശിച്ചത്.
വീട്ടിൽ സന്തോഷ് എന്നയാളും ഭാര്യയും മകനുമാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്. പലഹാരങ്ങൾ വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇവർ പുലർച്ചെയോടു കൂടി പലഹാരങ്ങളുണ്ടാക്കാൻ അടുക്കളയിലെത്തി തീ കത്തിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു അപകടമുണ്ടായത്. പുതിയ സിലിണ്ടറുകൾ മാറ്റി വയ്‌ക്കുന്നതിനിടെ വാഷർ തെന്നി മാറി ഗ്യാസ് ലീക്കായതാണ് അപകടത്തിനു കാരണമെന്ന് സമീപവാസികൾ പറഞ്ഞു. അപകടത്തിൽ സന്തോഷിന് 30 ശതമാനവും ഭാര്യയുടെ കയ്യിനും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചു. തുടർന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തിൽ വീട് പൂർണമായും കത്തി നശിച്ചു.