ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിജയ് ചൗക്കിൽ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് നടക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. ചടങ്ങ് ആഘോഷമാക്കാൻ കര, നാവിക, വ്യോമ, സിപിഎഫ് സേനകളുടെ മ്യൂസിക് ബാൻഡുകളുമുണ്ടായിരിക്കും.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ശംഖ്നാദത്തോടെ ചടങ്ങിന് തുടക്കം കുറിക്കും. സേനകളുടെ ബാൻഡുകളാണ് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിലെ പ്രധാന ആകർഷണം. പോയ കാലത്തെ കുറിച്ചുള്ള ഓർമ്മകളാണ് ചടങ്ങ് പ്രകടമാക്കുന്നത്.
75-ാമത് റിപ്പബ്ലിക് ദിന പരേഡിലെ മുഖമുദ്രയായിരുന്നു നാരീശക്തി. സ്ത്രീകളുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനങ്ങളാണ് കർത്തവ്യപഥിൽ നടന്നത്. വിവിധ സേനകളിൽ നിന്നുമുള്ള വനിതകൾ കർത്തവ്യപഥിൽ അഭ്യാസപ്രകടനം കാഴ്ചവച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള 265 സ്ത്രീകളാണ് അഭ്യാസപ്രകടനത്തിന്റെ ഭാഗമായത്.
ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണായിരുന്നു റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി.















