കോഴിക്കോട്: പേരാമ്പ്ര എടവരാട് വാഹനങ്ങൾ തീവച്ച് നശിപ്പിച്ചതായി പരാതി. കൊയിലോത്ത് മോഹനന്റെ ഓട്ടോറിക്ഷയും ഷിബിൻ എന്നയാളുടെ ബൈക്കുമാണ് തീവച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തീ പടർന്നു പിടിക്കുന്ന കണ്ട് പ്രദേശവാസികളും വീട്ടുകാരും ചേർന്ന് തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ പൂർണമായി കത്തി നശിച്ചിരുന്നു. മോഹനും ഷിബിനും ഓട്ടോ ഡ്രൈവർമാരാണ്.
സംഭവത്തിന് പിന്നിൽ ഓട്ടോറിക്ഷ ജീവനക്കാർ തമ്മിലുള്ള വിരോധമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രദേശത്ത് ഓട്ടോറിക്ഷ സമാന രീതിയിൽ കത്തി നശിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം.ഈ കഴിഞ്ഞ 22-ന് മഞ്ചേരികുന്നിലെ മുക്കള്ളിൽ സക്കീർ, കളരിപ്പറമ്പിൽ അതുൽരാജ് എന്നിവരുടെ വാഹനങ്ങളാണ് സമാനരീതിയിൽ അഗ്നിക്കിരയായത്.
സക്കീറിന്റെ ഓട്ടോറിക്ഷ വീട്ടിൽ നിന്നും തള്ളി റോഡിൽ എത്തിച്ച ശേഷമാണ് തീയിട്ടത്. അതുലിന്റെ ഓട്ടോ വീടിന് സമീപത്തുള്ള റോഡിൽ എത്തിച്ച ശേഷം മറിച്ചിടുകയാണ് ചെയ്തത്.