ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അന്താരാഷ്‌ട്ര ക്ലാസുകൾക്ക് തുടക്കം കുറിച്ച് ഫ്രഞ്ച് സർക്കാർ. ഉന്നത പഠനത്തിന് ചേരുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പഠനം എളുപ്പമാക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം. എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ്, സയൻസസ്, ഹ്യുമാനിറ്റീസ്, ആർട്ട്‌സ് എന്നീ വിഷങ്ങളിൽ ബിരുദ വിദ്യാഭ്യാസം ചെയ്യുന്നവർക്കും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും ക്ലാസുകളുടെ ഭാഗമാകാം.
ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകൾക്ക് ഇവ സഹായകമാകും. മികച്ച വിദ്യാർത്ഥികൾക്കായി ഫ്രഞ്ച് എംബസി സ്കോളർഷിപ്പുകൾ നൽകും. www.classesinternationales.org എന്ന വെബ്സൈറ്റിൽ 2024 മാർച്ച് 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2024 സെപ്റ്റംബർ മുതലാകും ക്ലാസുകൾ ആരംഭിക്കുക.
2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെ സർവകലാശാലകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇമ്മാനുവേൽ മാക്രോൺ പറഞ്ഞിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ വിശാല ലോകം തുറന്ന് നൽകുന്നതിൽ ഫ്രാൻസിന്റെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഫ്രഞ്ച് അക്കാദമിക് സ്കോളർഷിപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ. പൂർവ്വ വിദ്യാർത്ഥികൾക്കായി അഞ്ച് വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസ തുടങ്ങിയവ അവതരിപ്പിച്ചിരുന്നു.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തിയ വേളയിലാണ് ഇത്തരമൊരു പരിപാടി ആഹ്വാനം ചെയ്തത്. ഫ്രാൻസിന്റെ വിശാലമായ വിദ്യാഭ്യാസ സാധ്യതകൾ ഇന്ത്യൻ കുട്ടികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചു.















