രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് കോടതി വിധി സ്വാഗതം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ ഹീനമായ കൊലപാതകമെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നിരപരാധിയായ ഒരു മനുഷ്യനെ കുടുംബത്തിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തിയ നരാധമന്‍മാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന കോടതി വിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നു. മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വധശിക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ മനസിലാക്കണം. ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോള്‍ തന്നെ ഈ ഭീകരക്കൂട്ടത്തെ തളച്ചിരുന്നെങ്കില്‍ രണ്‍ജീത്തിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.”അരിയും മലരും കുന്തിരിക്കവും വാങ്ങിക്കോ”എന്ന് മതഭീകരവാദികൾ ഭീഷണിപ്പെടുത്തില്ലായിരുന്നു. എന്നാൽ കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങളുടെ തണലില്‍ അവര്‍ തഴച്ചുവളര്‍ന്നു.
പട്ടാപ്പകല്‍ മാരകായുധങ്ങളുമായി ഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ ആഭ്യന്തരവകുപ്പ് ആര്‍ക്കൊപ്പം എന്നത് രൺജീത് വധത്തില്‍ തെളിഞ്ഞു. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഇച്ഛാശക്തിയുള്ളൊരു ഭരണകൂടം, പിഎഫ്ഐയെന്ന രാജ്യവിരുദ്ധസംഘടനയെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ ഇക്കൂട്ടര്‍ക്ക് കാവല്‍ നില്‍ക്കുന്നു. അങ്ങനെയാണ് കൈവെട്ട് കേസിലെ പ്രതി13 വര്‍ഷം കണ്ണൂരില്‍ സുഖമായി ജീവിച്ചത്. മതഭീകരവാദത്തെ നിസാരവല്‍ക്കരിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും കേരളം തിരിച്ചറിയണം- മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.















