തിരുവനന്തപുരം: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് പാരിതോഷികം. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും പ്രശംസിക്കുകയും ചെയ്തു.
രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു സംസ്ഥാന പോലീസ് മേധാവി. ആലപ്പുഴ മുന്‍ ജില്ലാ പോലീസ് മേധാവിയും നിലവില്‍ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കാണ് വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നിവരാണ് കേസിലെ പ്രതികള്‍.
കേസിൽ 15 പിഎഫ്‌ഐ ഭീകരരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ എട്ട് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. ഇവർ രൺജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരാണ്. മൂന്ന് പ്രതികളാണ് വധം ഗൂഢാലോചന ചെയ്തത്. മുഴുവൻ പ്രതികളും വധശിക്ഷയ്‌ക്ക് അർഹരാണെന്ന് കോടതി പ്രസ്താവിച്ചു.















