തിരുവനന്തപുരം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് കർശന നിർദ്ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും പൊതുജനത്തിനുണ്ടായ ദുരനുഭവത്തിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഡിജിപി ഉത്തരവിറക്കിയത്.
പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മാന്യമായി സംസാരിക്കാനും പെരുമാറാനും ഭരണഘടനാപരമായും നിയമപരമായും ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ അവരുടെ കൃത്യ നിർവഹണ വേളയിൽ പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ സഭ്യമായ വാക്കുകൾ മാത്രം ഉപയോഗിക്കണം.
എല്ലാ ജില്ലാ പോലീസ് മേധാവികളും യൂണിറ്റ് മേധാവിമാരും കീഴ് ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തെ കുറിച്ച് സമഗ്രമായ അവബോധം ഉണ്ടാക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടത്തണം. പൊതുജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.















