വയനാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ശ്രദ്ധേയമായി കേന്ദ്ര സർക്കാരിന്റെ ഹെൽപ് ഡെസ്ക്. കേന്ദ്ര സർക്കാർ പദ്ധതികളുടെ വിശദ വിവരങ്ങളും ഗുണഭോക്താക്കൾക്ക് വേണ്ട സഹായവുമാണ് ഹെൽപ്പ് ഡെസ്ക് നൽകുന്നത്.
സാധാരണ ജനങ്ങളെ സഹായിക്കുക, അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ച് അറിവില്ലാത്തവർക്ക് ബോധവൽക്കരണം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹെൽപ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെയും സേവന പദ്ധതികളുടെയും പൂർണ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പദയാത്രയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന കേരള പദയാത്രയിൽ വനവാസികളുൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ പദയാത്രയുടെ ഭാഗമായി. സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും വലിയ പിന്തുണയാണ് പദയാത്രക്ക് ലഭിക്കുന്നത്.















