ചെന്നൈ: പഴനി ക്ഷേത്രത്തിലെ രാജഗോപുരത്തിൽ കാവടി സ്വാമിമാർക്ക് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദ്ദനം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സ്വാമിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാവടി സ്വാമിമാരുടെ തല അടിച്ച് പൊട്ടിച്ച ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്ര പരിസരത്ത് ഭക്തരുടെ പ്രതിഷേധം തുടരുകയാണ്.
തൈപ്പൂയ്യം ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. എടപ്പാടിയിൽ നിന്നുള്ള കാവടി സ്വാമിമാരാണ് ആക്രമിക്കപ്പെട്ടത്. സുരക്ഷ ജീവനക്കാർ രാജഗോപുരത്തിലൂടെ പ്രവേശിക്കാൻ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പഴനി മുരുകൻ ക്ഷേത്രത്തിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. സുരക്ഷ ജീവനക്കാർ ഭക്തരോട് പണം ആവശ്യപ്പെടുന്നതായും ക്രൂരമായി പെരുമാറുന്നതായും ആരോപണം നിരന്തരം ഉയരുന്നുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് ക്ഷേത്രം പാർക്കിങ് കരാറുകാരന്റെ ആക്രമണത്തിൽ ഭക്തർക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.