എറണാകുളം: റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷയിലൂടെ അറിയിക്കാമെന്നും കോടതി പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവിടാൻ സാധിക്കും. ചട്ടലംഘനത്തെ തുടർന്ന് ബസ് പിടിച്ചെടുത്താലും വിട്ടുനൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാരിന്റെ അപ്പീൽ.
ഇതിനിടിയിൽ റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പരാതി നൽകിയിരിക്കുകയാണ്. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ നൽകിയിരിക്കുന്നത്. പരാതി നൽകിയതിനെ തുടർന്ന് ഗിരീഷിനോട് ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നല്‍കി. പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമെന്നും ഗിരീഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.















