റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവൻ, ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണിത്. പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് 144 ഏർപ്പെടുത്തിയതെന്ന് സബ് ഡിവിഷണൽ ഓഫീസ് അറിയിച്ചു.
അതേസമയം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോറന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ സോറന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ 36 ലക്ഷം രൂപയും വാഹനങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി സോറന്റെ ഡൽഹിയിലെ വസതിയിൽ എത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 24 മണിക്കൂറായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ഇഡി അറിയിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം മുങ്ങുകയായിരുന്നു സോറൻ. ഇന്നലെ ഉച്ചയോടെയാണ് പിന്നീട് സോറൻ പ്രത്യക്ഷപ്പെട്ടത്.
2020-22 കാലഘട്ടത്തിൽ വ്യാജരേഖ നിർമ്മിച്ച് വനവാസികളുടെ ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ ഒരേക്കറോളം വരുന്ന ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണ കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.