റാഞ്ചി: ചംപൈ സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് ഝാർഖണ്ഡ് മുക്തീ മോർച്ച(ജെഎംഎം) അറിയിച്ചു. നിലവിലെ ഹേമന്ത് സോറൻ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയാണ് ചംപൈ സോറൻ. ഭൂമി കുംഭകോണ കേസിൽ ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ജെഎംഎം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി സോറനും ജെഎംഎം എംഎൽഎമാരും രാജ്ഭവനിലെത്തി. ഇഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തിയത്. ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതായി ജെഎംഎം എംഎൽഎ മാദ്ധ്യമങ്ങളെ അറിയിച്ചു.
ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിലെടുത്തതായി ജെഎംഎം സ്ഥിരീകരിച്ചിരുന്നു. ഏഴ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഖനന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോറനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.