മലൈക്കോട്ടെ വാലിബനിൽ നാടകീയ സംഭാഷണങ്ങൾ മനപൂർവ്വമാണ് ഉപയോഗിച്ചതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയും ഡ്രാമയും കൂട്ടിച്ചേര്‍ത്താണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും ലിജോ പറഞ്ഞു. സാധാരണ ഉപയോഗിക്കുന്ന സംഭാഷണങ്ങൾ വാലിബനിൽ ചേരില്ലെന്ന് മനസിലാക്കിയതിനാലാണ് ഇത്തരത്തിൽ സംഭാഷണം ഒരുക്കിയതെന്നും സംവിധായകൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു സിനിമയിലെ സംഭാഷണങ്ങളെക്കുറിച്ച് താരം പറഞ്ഞത്.
‘പലരും മലൈക്കോട്ടൈ വാലിബനിലെ സംഭാഷണങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിരുന്നു, സംഭാഷണങ്ങളിൽ നാടകീയതയുണ്ടെന്നാണ് എല്ലാവരും പറയുന്നത്. മനപൂർവ്വമാണ് ഇത്തരത്തിലെ സംഭാഷണങ്ങൾ സിനിമയിൽ ഉപയോഗിച്ചത്. നമ്മളൊക്കെ സാധാരണ ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ ഇതില്‍ കൊണ്ടു വന്നിരുന്നാൽ ശരിയാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു.
ഇതിൽ ഡ്രാമാ സെറ്റിംഗാണ് കൂടുതലായും ഉള്ളത്. സ്ക്രീനിൽ കാണുന്ന വേളയിൽ അത് മനസിലാകും. കഥാപാത്രങ്ങളുടെ പ്ലേസിംഗും ഡ്രാമാ സ്റ്റൈലിലാണ്. സിനിമയും ഡ്രാമയും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് വാലിബനിൽ ഉപയോഗിച്ചിരിക്കുന്നത്.’-ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.