പത്തനംതിട്ട: നിരന്തരം വഴക്ക് പറയുന്നതിലുള്ള വിരോധത്തെ തുടർന്ന് വീട്ടമ്മയെ കോടാലി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ജാർഖണ്ഡ് സഹേബ്ഗഞ്ച് ബർമസിയ, ദോരായ്സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകൾ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഡിസംബർ 26-നാണ് കേസിന് ആസ്പദമായ സംഭവം. കോയിപ്രം പുല്ലാട് സ്വദേശി പിഎസ് ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മറിയാമ്മ നിരന്തരം വഴക്ക് പറഞ്ഞതിലുള്ള വിരോധത്തെ തുടർന്ന് പ്രതി വീടിന്റെ അടുക്കള ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. കോടാലിക്കൈ ഉപയോഗിച്ച് തലയിലും കൈകാലുകളിലും മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.