ന്യൂഡൽഹി: ജ്ഞാൻവാപി തർക്കത്തിൽ വാരാണസി കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഉമാ ഭാരതി. കാശിയിലും മഥുരയിലും യഥാർത്ഥ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കണം. അയോധ്യയും മഥുരയും കാശിയും ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് പാർലമെൻ്റിൽ താൻ നിർദ്ദേശിച്ചിരുന്നു. ഇവിടെയെല്ലാം ഹിന്ദുക്കൾക്ക് ആരാധനയ്‌ക്കുള്ള അവകാശം ലഭിക്കണമെന്നും ഭാരതി ആവശ്യപ്പെട്ടു. ജ്ഞാൻവാപിയിലെ ചുവരുകളിലുള്ള വിഗ്രഹങ്ങളെ താൻ ആരാധിച്ചിരുന്നതായും ഭാരതി പറഞ്ഞു.
ജ്ഞാനവാപി വിഷയത്തിൽ ഹൈന്ദവാരാധനയ്‌ക്ക് വാരാണസി ജില്ലാ കോടതി ഇന്ന് അനുമതി നൽകിയിരുന്നു. പിന്നാലെ വിശ്വഹിന്ദു പരിഷത്തും കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. കാശി കോടതിയിലെ വളരെ സുപ്രധാനമായ തീരുമാനം ഓരോ ഹിന്ദുവിന്റെയും ഹൃദയത്തിൽ സന്തോഷം നിറയ്‌ക്കുന്നതായും 31 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ ആരാധന നടക്കുന്നതെന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പറഞ്ഞു.















