ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത ബംഗ്ലാവ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ്, ഈ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ച് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സർക്കാരിന് കത്ത് നൽകി.
ആലപ്പുഴ മെഡിക്കൽ കോളേജിന് എതിർവശത്ത് നിന്ന് 150 മീറ്റർ അകലെയായാണ് സുകുമാരക്കുറുപ്പ് പണിത വീട് സ്ഥിതി ചെയ്യുന്നത്. 40 വർഷമായി ഈ വീടും സ്ഥലവും ആരും തിരിഞ്ഞുനോക്കാതെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കെട്ടിടം സർക്കാർ ഏറ്റെടുത്ത് പണി പൂർത്തീകരിച്ച് വില്ലേജ് ഓഫീസ് കെട്ടിടമാക്കണമെന്നും കത്തിൽ പറയുന്നു.
40 കൊല്ലം മുൻപ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ പണം കണ്ടെത്താൻ വേണ്ടി നടത്തിയ അതിബുദ്ധിയാണ് സിനിമാ തീയേറ്റർ ജീവനക്കാരനായ ചാക്കോയുടെ കൊലപാതകത്തിൽ അവസാനിച്ചത്. താൻ മരിച്ചെന്ന് കാട്ടി വിദേശ കമ്പനിയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടാനായാണ് തന്റെ രൂപസാദൃശ്യമുള്ള ചാക്കോയെ സുകുമാരക്കുറിപ്പ് കൊലപ്പെടുത്തിയത്.
സുകുമാക്കുറുപ്പ് ഒളിവിൽ പോയതിന് ശേഷം ഈ കെട്ടിടം അനാഥമായി കിടക്കുകയാണ്. എന്നാൽ വീടിന് മേലെ അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം എത്തിയെങ്കിലും രേഖകൾ കൃത്യമല്ലാതിരുന്നതിനാൽ കേസ് വിജയിച്ചില്ല.















