തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും വധഭീഷണിയും. സംഭവത്തിന് പിന്നാലെ വി.ജി ശ്രീദേവിക്ക് പോലീസ് സുരക്ഷയൊരുക്കിയിരുന്നു. ക്വാർട്ടേഴ്സിൽ എസ്ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലുണ്ടാകും. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണ് തീരുമാനം.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ പുലർച്ചെ വീട്ടിൽ സംഘം ചേർന്ന് എത്തി ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളായ 15 പേർക്കും മാവേലിക്കര സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം. എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലായിരുന്നു അധിക്ഷേപ പോസ്റ്റുകൾ. ജഡ്ജിയുടെ ചിത്രം സഹിതമാണ് പോസ്റ്റുകൾ പങ്കുവച്ചത്.















