ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രകടമായ മാറ്റങ്ങൾ ആവിഷ്കരിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 10 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനയാണ് ഉണ്ടായത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്‌സുകളിൽ 43 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കാൻ ഇത് സഹായകമാകും.
രാജ്യത്തെ യുവാക്കൾക്കായി നിരവധി പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ സാധിച്ചു. സ്കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞു. 54 ലക്ഷം യുവാക്കളെ നൈപുണ്യ പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകളും സ്ഥാപിച്ചു. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. മുത്തലാഖ് നിയമവിരുദ്ധമാക്കാനും പാർലമെൻ്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് നൽകുന്ന വനിതാ സംവരണ ബിൽ തുടങ്ങിയവ സ്ത്രീശാക്തീകരണത്തിലേക്ക് രാജ്യം അടുക്കുന്നതിന്റെ തെളിവുകളാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 70 ശതമാനം സ്ത്രീകൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു- ധനമന്ത്രി പറഞ്ഞു.