ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയുടെ വർത്തമാനകാലത്തെ കുറിച്ച് നിരവധി പ്രതീക്ഷകളും ഭാവിയെ കുറിച്ച് ഉയർന്ന ആത്മവിശ്വാസവുമുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തിന് നിരവധി അഭിലാഷങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സർക്കാർ വീണ്ടും ജനങ്ങളാൽ ആശീർവദിക്കപ്പെട്ട് ഭരണത്തിലെത്തും എന്ന പ്രതീക്ഷയുണ്ട്. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും നിർമ്മല സീതരാമൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സർക്കാരിന് സാധിച്ചു. കാർഷിക രംഗത്ത് വൻ കുതിപ്പുകൾക്കാണ് സാക്ഷ്യം വഹിച്ചത്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സാധിച്ചു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും ഭാവിയിലേക്ക് ഉറ്റുനോക്കുന്നു.
രാജ്യത്തെ യുവാക്കൾക്കായി നിരവധി പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ സാധിച്ചു. സ്‌കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞു. 54 ലക്ഷം യുവാക്കൽക്ക് നൈപുണ്യ പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകളും സ്ഥാപിച്ചു. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. മുദ്ര യോജന വഴി സ്ത്രീകൾക്കും യുവാക്കൾക്കും ചെറുകിട വ്യാപാരികൾക്കും ധനസഹായം നൽകാൻ സാധിച്ചു- ധനമന്ത്രി പറഞ്ഞു.















