രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ ജനസൗഹൃദപരമായ നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. റൂഫ്ടോപ്പ് സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഇന്ന് ധനമന്ത്രി നടത്തിയിട്ടുണ്ട്. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന വഴി അടുത്ത അഞ്ച് വർഷത്തിനിടെ രണ്ട് കോടി വീടുകൾ കൂടി രാജ്യത്ത് യാഥാർത്ഥ്യമാക്കും. ലോകമേറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കോവിഡ് കാലത്ത് പോലും പ്രകടമായ വികസനം കാഴ്ച വയ്‌ക്കാൻ രാജ്യത്തിനായി. ഇക്കാലത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മൂന്ന് കോടി വീടുകളാണ് യാഥാർത്ഥ്യമാക്കിയത്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിലും മോദി സർക്കാർ വിജയിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.















